മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇടതിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. 2011 ൽ നിലവിൽ വന്ന മണ്ഡലത്തിലെ ആദ്യവിജയി സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനായിരുന്നു. കഴിഞ്ഞതവണ കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60, 963 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജയാണ് വിജയിച്ചത്.
യുഡിഎഫ് ആർഎസ്പിക്ക് നൽകിയ സീറ്റിൽ ഇല്ലിക്കൽ ആഗസ്തിയാണ് കഴിഞ്ഞതവണ മത്സരിച്ചത്. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് ഉറപ്പായി.
മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില കെപിസിസിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്തുകൾ അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന് പൊതുവേ സുരക്ഷിതമാണ്. നിലവിലെ എംഎൽഎ കെ.കെ. ശൈലജ ഇക്കുറിയും മട്ടന്നൂരിൽ മത്സരിക്കാനാണ് സാധ്യത.
ശൈലജ മത്സരിക്കുന്നില്ലെങ്കിൽ മണ്ഡലത്തിലെ മാലൂർ സ്വദേശിയും നിലവിലെ യുവജന കമ്മീഷൻ ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. സനോജിനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായില്ലെങ്കിലും കോളയാട്, കൂടാളി, പടിയൂർ പഞ്ചായത്തുകളിലെ മികച്ച പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതോടെ മത്സരം കനത്തതാകാനും ഒരു യുവ സ്ഥാനാർഥിക്ക് നറുക്ക് വീഴാനുമാണ് സാധ്യത. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദിന്റെ പേരിനാണ് പ്രഥമ പരിഗണന. ചന്ദ്രൻ തില്ലങ്കേരിയുടെയും രാജീവൻ എളയാവൂരിന്റെയും പേരുകളും പരിഗണയിലുണ്ട്.
ബിജെപിയിൽ ഉയർന്നുകേൾക്കുന്നത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ പേര് തന്നെയാണ്. കഴിഞ്ഞ തവണ 18,223 വോട്ട് നേടി 11.57 ശതമാനത്തിലേക്ക് എൻഡിഎയുടെ വോട്ട് ഉയർത്താൻ സാധിച്ച മട്ടന്നൂരുകാരനായ ബിജു ഏളക്കുഴി മണ്ഡലത്തിൽ സജീവമാണ്. വീണ്ടുമൊരു അങ്കത്തിന് കൂടി ബിജു ഏളക്കുഴി മൂന്നിരട്ടിയായി വോട്ട് വിഹിതം വർധിപ്പിക്കുമെന്നതാണ് എൻഡിഎയുടെ അവകാശവാദം.